Kerala
പത്തനംതിട്ട: അടൂർ സർവീസ് സഹകരണ ബാങ്കിലെ മുൻ ഭരണസമിതികളുടെ കാലയളവിലെ ക്രമക്കേടുകൾ പുറത്തു കൊണ്ടുവന്ന സിപിഎമ്മുകാരിയായ വനിതാ പ്രസിഡന്റ് സമ്മർദങ്ങൾക്കൊടുവിൽ സ്ഥാനം രാജിവച്ചു. സിപിഎം മുൻ സംസ്ഥാന സമിതിയംഗവും മുൻ അടൂർ എംഎൽഎയുമായ ആർ. ഉണ്ണിക്കൃഷ്ണപിള്ളയുടെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പൊൻതാമരപിള്ളയാണ് പ്രസിഡന്റു സ്ഥാനം രാജിവച്ചത്.
സിപിഎമ്മുകാർ മാത്രം അംഗങ്ങളായ ബാങ്ക് ഭരണസമിതിയിൽ പ്രസിഡന്റിനെതിരേ കൊണ്ടുവന്ന അവിശ്വാസം ഇന്ന് പരിഗണിക്കാനാരിക്കവേയാണ് ബാങ്കിൽ മുൻകാലങ്ങളിൽ നടന്ന ക്രമക്കേടുകൾ വിവരിച്ച് പ്രസ്ക്ലബിൽ പത്രസമ്മേളനം നടത്തി പൊൻതാമരപിള്ള രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർക്കും കൈമാറി. രാജിക്കത്ത് വാങ്ങാൻ ബാങ്ക് സെക്രട്ടറി തയാറായില്ലെന്നും പെൻതാമരപിള്ള പറഞ്ഞു.
സിപിഎം അടൂർ ഏരിയാ കമ്മിറ്റിയംഗം കൂടിയായ പി. രവീന്ദ്രൻ ദീർഘകാലം പ്രസിഡന്റായിരുന്ന 142 - ാംനമ്പർ അടൂർ സർവീസ് സഹകരണ ബാങ്കിനെതിരേയാണ് ആരോപണം. 2024 നവംബറിലാണ് പൊൻതാമരപിള്ള ബാങ്ക് പ്രസിഡന്റു സ്ഥാനം ഏറ്റെടുത്തത്. പിന്നീടു നടന്ന പരിശോധനയിലും സഹകരണ വകുപ്പ് നടത്തിയ പരിശോധനകളിലുമാണ് ക്രമക്കേടുകൾ പുറത്തുവന്നത്. 75 ലക്ഷത്തിൽപരം രൂപയുടെ ക്രമക്കേട് രവീന്ദ്രൻ പ്രസിഡന്റായിരുന്ന കാലയളവിൽ ഉണ്ടായിട്ടുണ്ടെന്നതാണ് ഓഡിറ്റ് റിപ്പോർട്ട്.
സെക്രട്ടറിയുടെ ചുമതല വഹിക്കുന്നയാളിന്റെ കൂടി പിന്തുണയിലാണ് ക്രമക്കേടുകൾ നടന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട പ്രസിഡന്റെന്ന നിലയിൽ താൻ ആവശ്യപ്പെട്ട ഫയലുകൾ നൽകാൻ പലപ്പോഴും ഉദ്യോഗസ്ഥർ തയാറായില്ല. ബാലൻസ് ഷീറ്റ് കൃത്യമായി അവതരിപ്പിച്ചിരുന്നില്ല. നേരത്തെ താൻ ഇക്കാര്യം ഭരണസമിതിയിൽ ഉന്നയിക്കപ്പെടുന്പോഴും പിന്തുണ ലഭിച്ചിരുന്നില്ല.
ഇതു സംബന്ധിച്ച് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടെ ബാങ്കിലെ സ്ഥിരനിക്ഷേപം പിൻവലിച്ചതും പലിശ ലഭിക്കാത്തതുമായ നിരവധി പരാതികളുണ്ടായി. ഏറെ നഷ്ടത്തിലായിരുന്ന ഘട്ടത്തിലാണ് താൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.
കുടിശികകൾ പിരിച്ചെടുത്തും നിക്ഷേപം വർധിപ്പിച്ചും ബാങ്കിനെ നല്ലനിലയിലേക്ക് മാറ്റാൻ ശ്രമം നടത്തി. കേരള ബാങ്കുമായി ബന്ധപ്പെട്ട് ബാങ്ക് ഇടപാടുകൾ പുനരാരംഭിച്ചു. നേരത്തെ അടൂരിലെ മറ്റൊരു സഹകരണ സംഘത്തിലേക്ക്ബാങ്കിന്റെ നിക്ഷേപം അടക്കം മാറ്റുകയും ഇതിലൂടെ കുടുംബാംഗങ്ങൾക്ക് സഹായം ചെയ്തു കൊടുക്കുകയുമാണ് മുൻ പ്രസിഡന്റ് ചെയ്തിരുന്നതെന്ന് പൊൻതാമരപിള്ള ആരോപിച്ചു. തന്നെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് ഭരണസമിതിയംഗങ്ങളും സ്വീകരിച്ചത്.
താൻ കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ച് പാർട്ടി കമ്മിറ്റികളെയും നേതാക്കളെയും ധരിപ്പിച്ചിരുന്നു. എന്നാൽ അതേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ തയാറായില്ല. പകരം പാർട്ടിയോട് ആലോചിക്കാതെ അംഗങ്ങൾ അവിശ്വാസം നൽകുകയായിരുന്നു. ക്രമവിരുദ്ധമായ ഈ നടപടിയെപ്പോലും ചോദ്യം ചെയ്യാൻ ആരും തയാറായില്ല.
ക്രമക്കേടിന് ഒത്താശ ചെയ്യാത്തതിന്റെ പേരിൽ ബാങ്ക് ഭരണ സമിതിയിൽ നിന്നും ചില നേതാക്കളുടെ ഭാഗത്തുനിന്നും വലിയ സമ്മർദങ്ങൾ തനിക്കു നേരിടേണ്ടിവന്നു. പ്രസിഡന്റു സ്ഥാനം രാജിവച്ചാലും ക്രമക്കേട് തെളിയിക്കേണ്ടതുള്ളതിനാൽ ബോർഡ് മെംബർ സ്ഥാനം രാജിവച്ചിട്ടില്ല. ഇതിനായി ഏതറ്റംവരെയും താൻ പോകും.
അഴിമതിക്കെതിരേ ശക്തമായി പോരാടും. പാർട്ടിയിൽ ഇപ്പോഴും പൂർണ വിശ്വാസമുണ്ടെന്നും പൊൻതാമര പിള്ള പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അടൂർ നഗരസഭ 27 ാം വാർഡിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ചിരുന്ന പൊൻതാമരപിള്ള പരാജയപ്പെട്ടിരുന്നു.
Kerala
കാസർഗോഡ്: സഹകരണ ബാങ്ക് ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊടവലം പട്ടർ കണ്ടത്തെ എം. നിധീഷ് (35) ആണ് മരിച്ചത്. കുശാൽ നഗർ പത്തായ പുരയ്ക്ക് സമീപമാണ് നിധീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പുല്ലൂർ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ്. ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് നിധീഷിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. വീട്ടിൽ നിന്നും ഏറെ അകലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലം. യുവാവിന്റെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
District News
നേമം : സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്തി വഞ്ചിതരായവരുടെ കണ്ണുനീർ നഗരസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായി നേമം സഹകരണ ബാങ്ക് നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാൻ.
96 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പിൽ പല ഉന്നതർക്കും പങ്കുണ്ട്. കേസ് ക്രൈം ബ്രാഞ്ചും ഇപ്പോൾ ഇഡിയും അന്വേഷിച്ചു വരുന്നു. കാൻസർ രോഗികൾ ഹൈക്കോടതിയെ സമീപ്പിച്ച് ചികിത്സയ്ക്ക് ആവശ്യമായ തുക തിരികെ നൽകണമെന്നു ഉത്തരവിട്ടെങ്കിലും അതു നൽകാൻ സഹകരണ വകുപ്പ് തയാറാകുന്നില്ല. പ്രായമായ പെൺമക്കളുടെ വിവാഹം നടത്താൻ സ്വരൂപിച്ച കാശു തിരികെ കിട്ടാതെ മാതാപിതാക്കൾ ധർമസങ്കടത്തിലായി. പല പെൺകുട്ടികളുടെയും വിവാഹം മുടങ്ങി.
നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരന്റി എന്ന ബോർഡ് കണ്ടാണു പലരും സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചത്. സർക്കാർ ഇപ്പോൾ കൈമലർത്തുന്ന സ്ഥിതിയാണ്.
നിക്ഷേപകർ പെരുവഴിയിലാണെങ്കിലും നിക്ഷേപകരുടെ കാശുകൊണ്ടു പണിത ജഗതിയിലെ സഹകരണ ആസ്ഥാന മന്ദിരം കണ്ടാൽ ഞെട്ടിപോകും. അത്രയ്ക്ക് വലുതാണ്.ആയിരകണക്കിന് ഉദ്യോഗസ്ഥരും. നിക്ഷേപകരുടെ ആശങ്ക കേൾക്കുവാൻ തയാറാകാത്ത സഹകരണ വകുപ്പ് സർക്കാരിന് ബാധ്യത മാത്രമായി മാറിയിരിക്കുകയാണ്. നിക്ഷേപകർക്ക് യാതൊരു ഫലവും ഇല്ല. നേമത്തെ നിക്ഷേപകരുടെ പ്രതിഷേധം കനത്തതോടെ മന്ത്രി വി. ശിവൻകുട്ടി നിക്ഷേപ കൂട്ടായ്മ ഭാരവാഹികളെ ചർച്ചക്ക് വിളിച്ചിരുന്നു.
താത്കാലിക ആശ്വാസമായി ഓരോ നിക്ഷേപകർക്കും കുറച്ചെങ്കിലും തുക ഉടനെ വിതരണമം ചെയ്തില്ലെങ്കിൽ സമരം വീണ്ടും ശക്തമാക്കാൻ തീരുമാനിച്ചതായും നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാനും കൺവീനർ കൈമനം സുരേഷും പറഞ്ഞു.